ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ വിജിലന്‍സ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്നാംകല്ലിലെ ഭക്ഷ്യസ്ഥാപനത്തില്‍ പുഴുവരിച്ച നിലയില്‍ സൂക്ഷിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്ഥാപനം അടപ്പിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മൂന്നാം കല്ലില്‍ പ്രവര്‍ത്തിക്കുന്ന അജ്വാ സ്നാക്സ് എന്ന സ്ഥാപനത്തിലാണ് പുഴുവരിച്ച നിലയിലുള്ള പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയത്.
കടപ്പുറം, ഒരുമനയൂർ, ഏങ്ങണ്ടിയൂർ എന്നീ പഞ്ചായത്ത് പ്രദേശത്തുള്ള ചെറുതും വലുതുമായ കടകളിലേക്ക് എണ്ണയിൽ തയാറാക്കുന്ന ലഘുഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നത് ഈ സ്ഥാപനമാണ്. ഇവിടെ വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനവും പരിസരവും പ്രവര്‍ത്തിക്കുന്നത്. നിര്‍ബന്ധമായും കൈവശം വയ്ക്കേണ്ട ജലപരിശോധന റിപ്പോര്‍ട്ട്, തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് എന്നിവ സ്ഥാപനത്തില്‍ ഉണ്ടായിരുന്നില്ല. സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കിയിട്ടില്ല.
വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പും ഈ സ്ഥാപനത്തിനെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്ന് താക്കീത് നല്‍കിയിരുന്നതായും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ജെ.എച്ച്.ഐ. വിദ്യാസാഗര്‍, ക്ലര്‍ക്ക് രാജേഷ്, വി.ഒ. സുമ എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.